പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ അനിശ്ചിതത്വം ഒഴിയുന്നില്ല. ഇനി 75 ദിവസം മാത്രമാണ് ടൂർണമെൻ്റിന് അവശേഷിക്കുന്നത്. ഇതുവരെ അന്തിമ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചിട്ടുമില്ല. ഹൈബ്രിഡ് മോഡൽ ഏതാണ്ട് ഉറപ്പിച്ചെങ്കിലും സ്ഥിരീകരിക്കണമെങ്കിൽ പ്രഖ്യാപനമുണ്ടാകണം. ഫെബ്രുവരി 19ന് തുടങ്ങി മാർച്ച് 9ന് അവസാനിക്കുന്ന രീതിയിലാണ് ടൂർണമെന്റ്.
ഓൺലൈൻ മീറ്റിംഗുകൾ മാറ്റിവച്ചെങ്കിലും പിന്നീട് ഇത് വീണ്ടും കൂടാനായിട്ടില്ല. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് എത്തരത്തിൽ നടത്തുമെന്ന സംശയവും നിലവിലുണ്ട്. 15 മത്സരങ്ങളടങ്ങിയ ടൂർണമെന്റിൽ 10 എണ്ണം പാകിസ്താനിലും 5 എണ്ണം ദുബായിലുമാകും ഹൈബ്രിഡ് മോഡൽ പ്രകാരം നടത്തേണ്ടത്. ബ്രോഡ്കാസ്റ്റർമാരുടെ നിക്ഷേപവും ഇന്ത്യൻ മത്സരങ്ങളെ ആശ്രയിച്ചാകും.
ഓഹരി ഉടമകളോടുള്ള കരാർ കടമകൾ നിറവേറ്റുന്നതിൽ ഐസിസി ഇതിനകം പിന്നിലാണെന്നും ക്രിക്ബസ് റിപ്പോർട്ട് വ്യക്തമാക്കുന്നു, പ്രത്യേകിച്ചും സമയപരിധികൾ പാലിക്കുമ്പോൾ. 90 ദിവസത്തെ സമയപരിധി കഴിഞ്ഞതിനാൽ ഇവൻ്റ് ശരിയായി മാർക്കറ്റ് ചെയ്യാനുള്ള സമ്മർദ്ദത്തിലാണ് ബ്രോഡ്കാസ്റ്റർമാർ. ചാമ്പ്യൻസ് ട്രോഫിയെ ടി20 ഫോർമാറ്റിലേക്ക് മാറ്റാനുള്ള സാധ്യതകളാണ് ഇപ്പോൾ ബ്രോഡ്കാസ്റ്റർമാർ തേടുന്നത്. കാരണം ഏകദിന മത്സരങ്ങളേക്കാൾ എളുപ്പം മാർക്കറ്റ് ചെയ്യാൻ സാധിക്കുമെന്നതിനലാണ്.