എറണാകുളം: ലൈംഗികാതിക്രമ പരാതിയിൽ പ്രമുഖ സിനിമ-സീരിയൽ നടന്മാർക്കെതിരെ കേസെടുത്തു. സീരിയൽ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയിലാണ് നടന്മാർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്.
നിലവിൽ ഒരു ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലിൽ അഭിനയിക്കുന്ന രണ്ട് നടന്മാർക്കെതിരെയാണ് കേസെടുത്തത്. അതേ സീരിയലിലുള്ള നടിയാണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയതിന് ശേഷമാണ് നടി ഇൻഫോ പാർക്ക് പൊലീസിനെ സമീപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരമാണ് നടി പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ അതിക്രമം നേരിട്ട സീരിയലിൽ നിന്ന് മാറിനിൽക്കുകയാണ് യുവതി. സീരിയലിൽ പുതുതായി എത്തിയ നടിക്കാണ് ദുരനുഭവം ഉണ്ടായത്. ഷൂട്ടിംഗിനിടെ നടന്മാർ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.