ആലപ്പുഴ: മകനെതിരെയായ കഞ്ചാവ് കേസിൽ യു. പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. എക്സൈസിന് തെറ്റ് പറ്റിയിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷമാണ് കേസെടുത്തതെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു. പ്രതിഭ പ്രകടിപ്പിച്ചത് അമ്മയെന്ന നിലയ്‌ക്കുള്ള വികാരമെന്നും കേസിൽ എംഎൽഎയുടെ അഭിപ്രായമല്ല പാർട്ടിക്കെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
എക്സൈസ് ബോധപൂർവ്വം പ്രതിയാക്കിയതല്ല. ഈ പയ്യൻ വെറെ കുട്ടികളുമായി പോകുന്ന സമയത്താണ് എക്സൈസിന്റെ പിടിയിലാകുന്നത്. നമ്മുടെ നാട്ടിൽ കുട്ടികൾ കൂട്ടം കൂടിയാണല്ലോ ഇതെല്ലാം ചെയ്യുന്നത്. അങ്ങനെയുള്ള ഏതോ ഗ്യാങ്ങിൽ പെട്ടുപോയിരിക്കാം. അവരുടെ വിശ്വാസം കുട്ടി അങ്ങനെ ചെയ്തില്ലെന്നാണ്. കൂട്ടുകെട്ടിൽ പോയി പ്രതിയായി വന്നപ്പോൾ അമ്മയെന്ന നിലയിലുള്ള സ്ത്രീയുടെ വേദനയാണ് അവർ പ്രകടിപ്പിച്ചതെന്നും നിസാർ പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ യു. പ്രതിഭയ്‌ക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു. കൂട്ടികൾ ആയാൽ കൂട്ടംകൂടിയിരുന്ന് വലിക്കും അത് ഇത്ര വലിയ അപരാധമാണോ എന്നാണ് മന്ത്രി ചോദിച്ചത്. മാത്രമല്ല എംഎൽഎയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കൂടാതെ കേസെടുത്ത എക്സൈസിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് സജി ചെറിയാൻ സ്വീകരിച്ചത്. ജില്ലയിലെ സിപിഎം നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതായിരുന്നു ഇരുവരുടെയും വാക്കുകൾ.