തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛന് തടവുശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കേസിൽ പ്രതിയായിരുന്ന അമ്മയെ കോടതി വെറുതെവിട്ടു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി.
2020 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയ്‌ക്കും രണ്ടാനച്ഛനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. രാത്രി കുട്ടി കിടന്നുറങ്ങുന്നതിനിടെ മുറിയിൽ കയറിയ രണ്ടാനച്ഛൻ കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ട കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. എന്നാൽ പ്രതി ഇവിടെയെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
പെൺകുട്ടിയെ രണ്ടാനച്ഛൻ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യമറിഞ്ഞിട്ടും അമ്മ ഇക്കാര്യത്തിൽ ഇടപെട്ടില്ല. തുടർന്ന് താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് അച്ഛന്റെ വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു പെൺകുട്ടി. പിന്നാലെ ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്. രണ്ടാനച്ഛൻ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി മൊഴി നൽകി. സംഭവമറിഞ്ഞിട്ടും പുറത്തുപറയാതിരുന്നതിനാലാണ് അമ്മയെ കേസിൽ പ്രതി ചേർത്തത്.
എന്നാൽ വിചാരണവേളയിൽ അമ്മയ്‌ക്കെതിരെ കുട്ടി മൊഴി നൽകിയിരുന്നില്ല. ഇതോടെ തെളിവുകളുടെ അഭാവത്തിൽ അമ്മയെ വെറുതെവിടുകയായിരുന്നു കോടതി.















