ഇസ്ലാമാബാദ്: താലിബാനുമായുള്ള ബന്ധം പൂർണമായും തകർന്നെന്ന് സമ്മതിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താലിബാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബന്ധം പുനഃസ്ഥാപിക്കാൻ പല തവണ തങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഖ്വാജ ആസിഫ് വാദിച്ചു.
താലിബാനെ ഞങ്ങൾ പൂർണമായും എഴുതിതള്ളുകയാണ്. അവരിൽ ഒരു പ്രതീക്ഷയുമില്ല. അഫ്ഗാനിസ്ഥാനിൽ നല്ല മാറ്റങ്ങൾക്കായുള്ള ഒരു സാധ്യതയും കാണുന്നില്ല. താലിബാൻ ഞങ്ങളെ ആശ്രയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഖ്വാജ ആസിഫ് അവകാശപ്പെട്ടു.
താലിബാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ പരാമർശം. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലുണ്ടായ പാക് ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഈ വാദം ഖ്വാജ് ആസിഫ് തള്ളിക്കളഞ്ഞു.















