കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജീവൻരക്ഷാ മരുന്നാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. എൽഡിഎഫും യുഡിഎഫും മുഖ്യധാരാവിഷയങ്ങളിൽ നിന്ന് പിന്നോട്ടുപോയിയെന്നും വികസന അജണ്ടയെ അവർ പിന്നോട്ട് വലിക്കുകയാണെന്നും എം ടി രമേശ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചർച്ചാവിഷയമാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സംഘടിത വോട്ടുബാങ്കിന് പിന്നിൽ ഇവർ അഭയം പ്രാപിച്ചിരിക്കുന്നു.
വികസനത്തിന്റെ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് വോട്ടുതേടുന്ന എൻഡിഎയ്‌ക്ക് അനുകൂലമായിട്ടുള്ള ജനവിധി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. തൃശൂരിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലേത് പോലെ വിജയം ഞങ്ങൾ ആവർത്തിക്കും. തൃശൂർ കോർപ്പറേഷനിൽ നല്ല ഭൂരിപക്ഷത്തോടെ ബിജെപി-എൻഡിഎ സഖ്യം അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.















