കൊച്ചി: സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി കെ.വി. സന്ദീപിനാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയായ മനുവിനും മൂന്ന് കൂട്ടാളികള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ മാര്‍ച്ച് 30-ന് വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സന്ദീപിന്റെ സുഹൃത്തായ മനു, വിശേഷങ്ങള്‍ പങ്കുവെക്കാനെന്ന വ്യാജേന സന്ദീപിനെ തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ അവിടെ എത്തിയ സന്ദീപിനെ മനുവും മറ്റ് മൂന്ന് പേരും ചേര്‍ന്ന് തടഞ്ഞുവെക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
ക്രൂരമായ മര്‍ദനത്തില്‍ സന്ദീപിന്റെ വാരിയെല്ല് തകര്‍ന്നു. നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ഇദ്ദേഹം. സന്ദീപിനെ അവശനാക്കിയ ശേഷം പ്രതികള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. ഫോണിലെ വാലറ്റ് ആപ്പ് വഴി 24,757 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനുപുറമെ സന്ദീപിന്റെ പേഴ്‌സിലുണ്ടായിരുന്ന 13,000 രൂപയും സംഘം തട്ടിയെടുത്തു. സന്ദീപിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയായ മനുവിനെയും കൂടെയുണ്ടായിരുന്ന ഗുണ്ടാസംഘത്തെയും കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.















