കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പെണ്‍കുട്ടികളുടെ സുരക്ഷയും ഉന്നമനവുമാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. സ്ത്രീകള്‍ രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പറയുന്ന ഒരു മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
സന്ദേശ്ഖാലിയിലെ അതിക്രമങ്ങളും ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ദാരുണമായ കൊലപാതകവും പരാമര്‍ശിച്ച അമിത് ഷാ, തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ വിളയാട്ടം മെയ് 4-ഓടെ അവസാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ‘മെയ് അഞ്ചിന് ശേഷം ബംഗാളിലെ പെണ്‍കുട്ടികള്‍ക്ക് രാത്രി ഒരു മണിക്ക് പോലും ഭയമില്ലാതെ പുറത്തിറങ്ങി സഞ്ചരിക്കാന്‍ സാധിക്കുന്ന സാഹചര്യം ഞങ്ങള്‍ ഒരുക്കും. നിയമം അതിന്റെ വഴിക്ക് നീങ്ങും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.ജി കര്‍ ഇരയുടെ അമ്മയെയും സന്ദേശ്ഖാലിയിലെ സമരനായികയെയും സ്ഥാനാര്‍ത്ഥികളാക്കിയതിലൂടെ സ്ത്രീ സുരക്ഷയിലുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വമ്പിച്ച വാഗ്ദാനങ്ങളാണ് ബിജെപി ബംഗാളില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ബിരുദ പഠനത്തിന് ചേരുന്ന പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം. പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ, ഗര്‍ഭിണികള്‍ക്ക് 21,000 രൂപ എന്നിവ നല്‍കും.
സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. 75 ലക്ഷം സ്ത്രീകളെ സ്വയംപര്യാപ്തരാക്കി ‘ലഖ്പതി ദീദി’മാരാക്കി മാറ്റും.















