കോഴിക്കോട്: കാൽനൂറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജമീല വധക്കേസിൽ പ്രതിയായ ഭർത്താവ് പിടിയിൽ. 2001-ൽ കോഴിക്കോട് ഇടച്ചേരിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഹമീദിനെയാണ് കാസർകോട് ആദൂരിൽ നിന്ന് പിടികൂടിയത്. അമ്മയുടെ കൊലപാതകിക്ക് ശിക്ഷ വാങ്ങിനൽകാൻ മക്കൾ നടത്തിയ 25 വർഷത്തെ പോരാട്ടമാണ് ഒടുവിൽ വിജയത്തിലെത്തിയത്.
2001 സെപ്റ്റംബർ 8-നായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകം. പുലർച്ചെ നിസ്കാരപ്പായയിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ജമീലയെ കണ്ടെത്തിയത്. പത്രം വിതരണം ചെയ്യാൻ പോയി തിരിച്ചെത്തിയ മൂന്നാം ക്ലാസുകാരനായ മകനാണ് ഉമ്മയെ അബോധാവസ്ഥയിൽ കണ്ടത്. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഹമീദ്, നാട്ടുകാരെ വിശ്വസിപ്പിക്കാൻ സിനിമയെ വെല്ലുന്ന രീതിയിൽ പൊട്ടിക്കരഞ്ഞ് അഭിനയിച്ചു.
എന്നാൽ, മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ സൂചന നൽകിയതോടെ ഹമീദിന്റെ ഭാവം മാറി. പോലീസ് സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് ഒളിവിൽ പോയ ഇയാൾക്കായി പിന്നീട് നീണ്ട തിരച്ചിലുകൾ നടന്നുവെങ്കിലും ഫലമുണ്ടായില്ല.
ഹമീദിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധത്തെ ജമീല ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. സംഭവദിവസം പുലർച്ചെ തലയ്‌ക്കടിച്ചും കഴുത്ത് ഞെരിച്ചുമാണ് ഹമീദ് ജമീലയെ കൊലപ്പെടുത്തിയത്. അമ്മ നഷ്ടപ്പെട്ട വേദനയിലും മക്കൾ തളർന്നില്ല. തങ്ങളുടെ പിതാവ് തന്നെയാണ് കൊലപാതകിയെന്ന് ഉറച്ചുവിശ്വസിച്ച മക്കൾ, ഹമീദിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മുട്ടാത്ത വാതിലുകളില്ല. വർഷങ്ങളോളം പോലീസ് ആസ്ഥാനത്തും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും മാറി മാറി പരാതി നൽകി അവർ അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ 25 വർഷമായി കാസർകോട് ആദൂരിൽ സാധാരണക്കാരനായി മീൻ കച്ചവടം നടത്തി വരികയായിരുന്നു ഹമീദ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്.















