തിരുവനന്തപുരം: കേരളത്തില്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ ഭരണകാലത്ത് കേന്ദ്രത്തിലുണ്ടായതിന് സമാനമായ അഴിമതി സതീശന്‍ സര്‍ക്കാരിന്റെ കീഴിലും ആവര്‍ത്തിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അഴിമതി കേരളത്തിലേക്കും പടരും. എന്നാല്‍ സഭയ്‌ക്കകത്തും പുറത്തും ശക്തമായ പ്രതിപക്ഷമായി ബിജെപി നിലയുറപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അഴിമതിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സുതാര്യവും അഴിമതിരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരിന് പിന്തുണ നല്‍കൂ. ബിജെപി ജയിക്കുന്ന പാര്‍ട്ടിയല്ലെന്ന ധാരണ തിരുത്തിക്കുറിച്ച തെരഞ്ഞെടുപ്പാണിത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി മൂന്ന് എംഎല്‍എമാര്‍ നിയമസഭയില്‍ ശബ്ദമുയര്‍ത്തും. പിന്നാക്ക സംവരണത്തെ മതപരമായ സംവരണമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് സ്വീകരിച്ച വാഗ്ദാന ലംഘന നയം ഇവിടെ അനുവദിക്കില്ല. രാജ്യസഭാ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത നേതൃയോഗത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപി രൂപം നല്‍കുമെന്നും നേതൃത്വം അറിയിച്ചു.















