തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്തങ്ങള്‍ നേരിടാനുള്ള സി.പി.എമ്മിന്റെ കടുത്ത വിമുഖതയാണ് ഈ അക്രമത്തിലൂടെ ഒരിക്കല്‍ക്കൂടി പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി എത്തിയ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തടസ്സപ്പെടുത്താന്‍ നോക്കുന്നതും ഒരു തരത്തിലും രാഷ്‌ട്രീയ പ്രതിഷേധമായി കാണാന്‍ കഴിയില്ല. ഇത് രാജ്യത്തെ നിയമവാഴ്ചയ്‌ക്ക് നേരെ നടത്തുന്ന പരസ്യമായ കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ രാഷ്‌ട്രീയ ഇരട്ടയായ സി.പി.എമ്മിനെ എങ്ങനെയെങ്കിലും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ പതിവുപോലെ മൗനം പാലിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പരിഹസിച്ചു. സി.പി.എമ്മും കോണ്‍ഗ്രസും രണ്ടല്ല, മറിച്ച് ഒന്നാണെന്ന് തെളിയിക്കുന്നതാണ് ഈ നിലപാട്.
സംസ്ഥാനത്ത് നടന്ന അഴിമതികളുടെ യഥാര്‍ത്ഥ സത്യമെന്തെന്ന് അറിയാന്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. ഒരു രാഷ്‌ട്രീയ നേതാവോ, പാര്‍ട്ടിയോ, മുന്‍ മുഖ്യമന്ത്രിയോ ഇവിടെ നിയമത്തിന് മുകളിലല്ലെന്ന് സി.പി.എം ഓര്‍ക്കണം. വെറും ഭീഷണികളിലൂടെയോ കായികമായ അക്രമങ്ങളിലൂടെയോ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെയോ നീതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ബി.ജെ.പി – എന്‍.ഡി.എ സഖ്യം ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.















