പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി സിബിഐ രേഖപ്പെടുത്തി. പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. സിബിഐ അന്വേഷണത്തിൽ തൃപ്തയാണെന്ന് മൊഴി നൽകിയ ശേഷം പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.
മൊഴിയെടുക്കൽ അഞ്ചു മണിക്കൂർ നീണ്ടുനിന്നു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായി അമ്മ പറഞ്ഞു. പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡ് പൊളിക്കരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിൽ തൃപ്തയാണെന്നും അമ്മ പറഞ്ഞു. രാവിലെ 10 മണിയോടെയാണ് രക്ഷിതാക്കൾ അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകാനായി ക്യാമ്പ് ഓഫീസിലെത്തിയത്.
വരും ദിവസങ്ങളിൽ കേസിലെ സാക്ഷികളുടെ ഉൾപ്പെടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കൂടാതെ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലും പരിശോധന നടത്തും. ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്. ഏപ്രിൽ മാസത്തിൽ വാളയാറിൽ എത്തിയ സിബിഐ അന്വേഷണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു.
Comments