ബെയ്ജിംഗ് : ഏത് ആകൃതിയിലുമുള്ള തലയും വൃത്താകൃതിയിലാക്കാൻ ഹെൽമറ്റുമായി ചൈന . വൃത്താകൃതിയിലുള്ള തലകൾ മറ്റേതൊരു രൂപത്തേക്കാളും മനോഹരമാണെന്നാണ് ചൈനയിലെ മാതാപിതാക്കൾ വിശ്വസിക്കുന്നത് .
അതുകൊണ്ട് തന്നെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വൃത്താകൃതിയിലുള്ള തലയാണെന്ന് ഉറപ്പാക്കാൻ ചൈനീസ് മാതാപിതാക്കൾ ഏതറ്റം വരെയും പോകും. കുഞ്ഞുങ്ങളുടെ തലയോട്ടിയിൽ മൃദുവായ എല്ലുകളുള്ളതിനാൽ, കുട്ടിയുടെ തല വൃത്താകൃതിയിലാക്കാൻ മാതാപിതാക്കൾ ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത് .
ഹെഡ് ഷേപ്പ് കറക്ഷൻ ഹെൽമെറ്റ് എന്നാണ് ഈ ഹെൽമെറ്റ് അറിയപ്പെടുന്നത് തന്നെ. ഇത് സ്വന്തം കുഞ്ഞിന് ഉപയോഗിച്ചതിനെ കുറിച്ച് ഒരു സ്ത്രീ സോഷ്യൽമീഡിയയിൽ പറഞ്ഞത് ചൈനയിൽ വൈറലായിരുന്നു. ഹെൽമെറ്റ് ഉപയോഗിച്ച് തന്റെ കുഞ്ഞിന്റെ തല ഉരുണ്ടതായെന്നും കുട്ടികളുടെ അവയവങ്ങളിൽ ഉപയോഗിക്കുന്ന ബ്രേസസിന്റെ അതേ ഫലമാണ് ഹെൽമെറ്റ് ചെയ്യുന്നതെന്നുമാണ് യുവതി സോഷ്യൽമീഡിയയിൽ പറഞ്ഞത്.
വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെയാണ് തലയുടെ ആകൃതി മാറ്റാൻ കുഞ്ഞിന് ഹെൽമറ്റ് ഉപയോഗിച്ചതെന്നും യുവതി വിശദീകരിച്ചു. തനിക്ക് പരന്ന തലയാണെന്നും സൗന്ദര്യത്തെ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് ഇത് എത്രമാത്രം വേദനാജനകമാണെന്ന് തനിക്കറിയാമെന്നും അത് തന്റെ കുട്ടിക്ക് ഉണ്ടാകരുതെന്നുമാണ് തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് യുവതി എഴുതിയത്.
ഈ വിചിത്രമായ പ്രവണത മുതലെടുത്ത് ചൈനീസ് കമ്പനികൾ ഹെൽമറ്റ് മുതൽ പ്രത്യേക പായകളും തലയിണകളും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട് . ഈ ഉൽപ്പന്നങ്ങൾ തങ്ങളുടെ കുട്ടികളുടെ തല വൃത്താകൃതിയിൽ ആക്കുമെന്ന് കമ്പനികൾ അവകാശപ്പെടുന്നു. അതേ സമയം ഇത് എല്ലാവർക്കും ഉപയോഗിക്കാമെന്ന് കരുതേണ്ട , കാരണം ഹെൽമെറ്റുകളുടെ വില 3 ലക്ഷം രൂപയാണ്
Comments