ഇടുക്കി: മരത്തടി മുറിച്ചു മാറ്റുന്നതിനിടയിൽ മെഷീൻവാൾ കൊണ്ടുണ്ടായ അപകടത്തിൽ എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. കട്ടപ്പന വള്ളക്കടവ് ജ്യോതിനഗർ പുതിയാപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ-45) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്രണ്ടായ ഇദ്ദേഹം മറ്റ് തൊഴിലാളികൾക്കൊപ്പമാണ് മരത്തടി മുറിച്ച് മാറ്റാൻ എത്തിയത്.
മെഷീൻവാൾ ഉപയോഗിച്ച് വീണുകിടന്ന മരത്തടി മുറിക്കുന്നതിനിടെ ആയിരുന്നു അപകടം. തെന്നിമാറിയ മെഷീൻവാൾകൊണ്ട് ഇദ്ദേഹത്തിന്റെ ഇടതുകാൽ മുട്ടിനു മുകൾഭാഗത്തുവച്ച് മുറിഞ്ഞുതൂങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments