ചെന്നൈ: ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തി വിദ്യാർത്ഥികൾ. തമിഴ്നാട്ടിലെ സേലത്തെ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.
വിഷം കലർത്തിയ വെള്ളം കുടിച്ച വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപിക അടുത്ത ദിവസത്തേക്കുള്ള ഹോം വർക്ക് നൽകിയിരുന്നു. എന്നാൽ രണ്ട് വിദ്യാർത്ഥികൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഈ വിവരമാണ് ക്ലാസ് ലീഡർ അദ്ധ്യാപികയെ അറിയിച്ചത്. ഇതോടെ ഹോം വർക്ക് ചെയ്യാത്തതിന് അദ്ധ്യാപിക രണ്ട് വിദ്യാർത്ഥികളെയും വിളിച്ച് ശകാരിച്ചു. ഇതിൽ പ്രകോപിതരായാണ് വിദ്യാർത്ഥികൾ ക്ലാസ് ലീഡറുടെ കുപ്പിയിൽ വിഷം കലർത്തിയത്.
ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ സമയത്താണ് കുട്ടി വെള്ളക്കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചത്. വെള്ളത്തിന് അസാധാരണമായ രുചിയും മണവുമുണ്ടെന്ന് കുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം ക്ലാസ് ടീച്ചർ അറിയുന്നത്. സംശയം തോന്നിയ അദ്ധ്യാപിക ഹോം വർക്ക് ചെയ്യാതെ എത്തിയ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ കുട്ടികൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രഥമാദ്ധ്യാപകനാണ് പോലീസിൽ അറിയിച്ചത്. പരിശോധനയിൽ വിഷാംശം കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments