പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി. മഴ മാറിയെങ്കിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവർത്തനം തുടരുന്നതിനാൽ അവധി തുടരുമെന്നും കളക്ടർ ദിവ്യാ എസ് അയ്യർ അറിയിച്ചു.കൂടാതെ ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അലെർട്ടുകൾ പിൻവലിച്ചത്. നിലവിൽ ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ഇല്ല.
നാളെ സംസ്ഥാനത്തെ ആറ് ജില്ലകൾക്കാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും കണ്ണൂരിലും കാസർകോടും മറ്റെന്നാളും മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.
Comments