പത്തനംതിട്ട: എഴുമറ്റൂരിൽ കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസിൽ പൂട്ട് തകർത്ത് അകത്ത് കയറി സിപിഐ പ്രവർത്തകർ. തിരുവല്ല മുൻസിഫ് കോടതി വാടക നൽകാത്തതിനാൽ ഒഴിപ്പിച്ച കെട്ടിടത്തിലാണ് പാർട്ടി പ്രവർത്തകർ അതിക്രമിച്ച് കയറിയത്. 2021ൽ വാടക നൽകാത്തതിനെ തുടർന്ന് ഉടമ കോടതിയെ സമീപിക്കുകയും പിന്നീട് ഉടമയ്ക്ക് അനുകൂലമായ വിധി വന്നത്. ഇത് പ്രകാരം ഇന്നലെയാണ് കോടതി ഉത്തരവ് പതിച്ച് ഓഫീസ് താഴിട്ട് പൂട്ടിയത്.
നേരത്തെ വാടക നൽകാത്തതും കരാർ ലംഘിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ഉടമയായ പ്രദീപ് കോടതിയെ സമീപിച്ചത്. എന്നാൽ ഇന്നലെ വിധി ലംഘിച്ച് പൂട്ട് തകർത്ത്, മറ്റൊരു പൂട്ടിടുകയും ഓഫീസ് തുറന്നു പ്രവർത്തിക്കുകയും ആയിരുന്നു എന്നാണ് ആരോപണം.
കോടതി നാട്ടീസ് നൽകിയിരുന്നില്ലെന്നും, കേസിനെ കുറിച്ച് അറിയില്ലെന്നുമാണ് സിപിഐ വിശദീകരികരണം. എന്നാൽ നോട്ടീസ് അടക്കം പതിച്ച ഓഫീസാണ് സിപിഐ പ്രവർത്തകർ തുറന്നതെന്ന് ഉടമയും പറയുന്നു. സിപിഐ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുളളവർക്കെതിരെ സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Comments