ന്യൂഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രേയിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. നീരജ് ചോപ്രയുടെ നേട്ടം രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്.
‘ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര ഇന്ത്യൻ കായിക ചരിത്രത്തിലേക്ക് സുവർണ്ണ നേട്ടം കൊയ്തെടുത്തു. ബുഡാപെസ്റ്റിലെ ജാവലിൻ ത്രോ ഫൈനലിലെ അദ്ദേഹത്തിന്റെ പ്രകടനം നമ്മുടെ ദശലക്ഷക്കണക്കിന് യുവാക്കളെ പ്രചോദനം പകരും’ രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
ടോക്കിയോ ഒളിമ്പിക്സിന് പിന്നാലെയാണ് താരം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും രാജ്യത്തിനായി സ്വർണം നേടിയിരിക്കുന്നത്. ഈ നേട്ടത്തോടെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുന്നത്. ജാവലിൻ ത്രോ 88.17 മീറ്റർ ദൂരത്തെറിഞ്ഞാണ് താരം ഒന്നാം സ്ഥാനം നേടിയെടുത്തത്. ഒളിമ്പിക്സിലും ലോകചാമ്പ്യൻ ഷിപ്പിലും സ്വർണം നേടുന്ന മൂന്നാമത്തെ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.
Comments