ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള വിസ അനുവദിക്കുന്നത് നിർത്തിവെച്ചത് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കോൺസുലേറ്റുകൾക്കും സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാലെന്ന് വിദേശകാര്യ മന്ത്രാലയം. സുരക്ഷാ പ്രശ്‌നമുള്ളതിനാൽ ഹൈക്കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടു. ഇതാണ് വിസ അനുവദിക്കുന്നത് നിർത്തിവെക്കാനുള്ള പ്രധാന കാരണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലയൊണ് വിഷയത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നത്. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ സുരക്ഷാഭീഷണി നേരിടുന്നതായും ഇതിൽ രാജ്യത്തിന് ആശങ്കയുണ്ടെന്നും അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാനഡ ഇന്ത്യ വിരുദ്ധ ശക്തികേന്ദ്രമായി കാനഡമാറിയെന്നും അരിന്ദം ബാഗ്ചി വിമർശിച്ചു. ഭീകരവാദികൾക്ക് സുരക്ഷിത ഇടമായി കാനഡ മാറിയിരിക്കുന്നു. അവർ ആക്രമണങ്ങൾ അഴിച്ചുവിടുന്നു. എന്തെങ്കിലും പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നാൽ ഇന്ത്യൻ പൗരന്മാർക്ക് കോൺസുലേറ്റുമായി ബന്ധപ്പെടാമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു.
ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാന വിരുദ്ധ ആരോപണം നടത്തിയ കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ കനഡയിലെ പ്രതിപക്ഷം രംഗത്തുവന്നു. ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങളിൽ തെളിവുകൾ ഉണ്ടെങ്കിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അത് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് പ്രയർ പെലിവ്രെ ആവശ്യപ്പെട്ടു. തെളിവുകൾ വെച്ച് പൗരന്മാർക്ക് വിഷയം വിലയിരുത്താൻ ട്രൂഡോ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.