ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറുടെ ടീമായ അല്‍-ഹിലാലും മുംബൈ സിറ്റിയും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയുടെ കാര്യം തീരുമാനമായി. പൂനെയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം ഇനി നവി മുംബൈയില്‍ നടത്തും. ഡിവൈ പാട്ടീല്‍ സ്റ്റേഡിയം മത്സരത്തിന് വേദിയാകുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
സെപ്റ്റംബര്‍ 29 മുതല്‍ മത്സരത്തിന്റെ ടിക്കറ്റിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങും. നവംബര്‍ ആറിനാണ് മുംബൈ സിറ്റിയും അല്‍ ഹിലാലുമായുള്ള ഹോം മത്സരം നടക്കുക. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ആണ് മുംബൈ സിറ്റിയും അല്‍ ഹിലാലും ഉള്‍പ്പെട്ടിരുന്നു. ഏറ്റവും കൂടുതല്‍ തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ടീമാണ് അല്‍ ഹിലാല്‍. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പുമായിരുന്നു അവര്‍.
നെയ്മര്‍, റുബെന്‍ നെവസ്, മിലങ്കോ സാവിച്, ബോണോ, മാക്‌സിമിന്‍, കൗലിബലി എന്ന് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ താരനിരയുള്ള ടീമാണ് അല്‍ഹിലാല്‍.ഒന്നാം നിര ടീമാകും ഇന്ത്യയിലേക്ക് വരികയെന്നാണ് സൂചന.