കൊച്ചി: കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. വടക്കൻ പറവൂരിലെ ഗോതുരത്ത് കടൽവാതുരുത്ത് പുഴയിൽ കാർ മറിഞ്ഞാണ് അപകടം. 5 അംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ 1 മണിയോടെയാണ് അപകടം. ഗൂഗിൾ മാപ്പ് നോക്കിയാണ് 5 അംഗസംഘം വാഹനം ഓടിച്ചിരുന്നത്. വാഹനത്തിൽ രണ്ടു ഡോക്ടർമാരും 3 മെഡിക്കൽ വിദ്യാർത്ഥികളുമുണ്ടായിരുന്നു. വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു.
കൊച്ചിയിൽ ഒരു ആഘോഷപരിപാടിയിൽ പങ്കെടുത്തതിനു ശേഷം തിരിച്ച് കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനിടെയാണ് കാർ പുഴയിലേക്ക് പതിച്ചത്. ദിശ അറിയാത്തതിനെ തുടർന്ന് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വാഹനമോടിച്ചതും കനത്ത മഴയെ തുടർന്ന് പാത കൃത്യമായി മനസ്സിലാകാതിരുന്നതുമാണ് അപകടത്തിന് കാരണമായത്. രക്ഷപ്പെടുത്തിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.