വയനാട്: വയോധികയെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റുകയും തുടർന്ന് സ്വർണമാല കവരുകയും ചെയ്ത സംഭവത്തിൽ മൂന്ന് സ്ത്രീകൾ പിടിയിൽ. തമിഴ്നാട് ചെങ്കൽപേട്ട സ്വദേശിനികളായ കാവ്യ, സരസ്വതി, സുധ എന്നിവരാണ് പിടിയിലായത്. വയനാട് സ്വദേശിനി തങ്കമ്മയുടെ മാല കവർന്ന സംഭവത്തിലാണ് സ്ത്രീകൾ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടിയ ശേഷം 78 വയസുകാരിയായ തങ്കമ്മ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കവർച്ച നടത്തിയത്. വയോധികയെ പിന്തുടർന്ന സ്ത്രീകൾ ഇവരെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റുകയും വീട്ടിൽ എത്തിക്കാമെന്ന് പറയുകയുമായിരുന്നു. ഇതിനിടെയിലാണ് സ്ത്രീകൾ കവർച്ച നടത്തിയത്.
വീട്ടിലെത്തിയ വയോധിക മാല തിരഞ്ഞപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതോടെ പോലീസിൽ പരാതിപെടുകയായിരുന്നു. പിടിയിലായ സ്ത്രീകൾ നിരവധി കേസുകളിലെ പ്രതികളാമെന്നും ഇവരെ കോടതിയിൽ ഹാജരാക്കിയതായും പോലീസ് പറഞ്ഞു.