ബെംഗളൂരു; രണ്ടുദിവസമായി കാണാതായ യുവ അദ്ധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ. മാണ്ഡ്യയിലെ മേലുകോട്ടെയിൽ നിന്നാണ് ദീപിക വി ഗൗഡയെ(28) കാണാതായത്. പണ്ഡവപുര മാണിക്യഹള്ളി സ്വദേശിനിയായ ഇവർ രാവിലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഭർത്താവ് ലോകേഷ് നൽകിയ പരാതിയിൽ തിരോധാന കേസ് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മേലോകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ നിന്ന് സ്കൂട്ടർ കണ്ടെടുത്തതോടെയാണ് ഇവിടെ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുന്നത്.
ദുർഗന്ധം വമിച്ച സ്ഥലത്ത് മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദീപികയുടെ ബന്ധുക്കളാണ് ഇവിടെ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. ഏഴുവയസുകാരൻ മകനൊപ്പമാണ് ദീപികയും ഭർത്താവും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ടൂവീലറിൽ വീട്ടിൽ നിന്നിറങ്ങിയ ഇവരുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ഇതോടെയാണ് ഭർത്താവ് പോലീസിനെ സമീപിച്ചത്.
ഇതിനിടെ ദീപികയുമായി അടുത്തപ്പത്തിലായിരുന്ന യുവാവിനെ കാണാതായത് ദുരൂഹത വർദ്ധിപ്പിച്ചു. ബന്ധുക്കൾ യുവാവിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഇയാളെ കണ്ടെത്താൻ പ്രത്യേക ടീമിനെ അണിനിരത്തി പോലീസ് തെരച്ചിൽ ആരംഭിച്ചു. യുവതിയുടെ മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ.