ന്യൂഡൽഹി: സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യവും സ്വപ്നവുമാണെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ്. അദ്ദേഹത്തിന്റെ വികസിത ഭാരതമെന്ന സ്വപ്നം നിറവേറ്റുന്നതിനുള്ള പരിശ്രമങ്ങൾ ഡൽഹിയിൽ തുടങ്ങിയതായും വീരേന്ദ്ര സച്ച്ദേവ് പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച നാരി ശക്തി വന്ദൻ മാരത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യം വയ്ക്കുന്നത്. ആ ലക്ഷ്യത്തിൽ ഞങ്ങൾ പങ്കാളികളായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ലക്ഷ്യം നിറവേറ്റാനുള്ള ആവേശത്തിലാണ് ഞങ്ങൾ. രാജ്യത്തെ സ്ത്രീകൾ ശാക്തീകരിക്കപ്പെടുമ്പോൾ രാജ്യവും വികസനത്തിലേക്ക് കുതിക്കുന്നു. പ്രധാനമന്ത്രിയുടെ വികസിത ഭാരതം എന്ന സ്വപ്നം വൈകാതെ നിറവേറും”.- വീരേന്ദ്ര സച്ച്ദേവ് പറഞ്ഞു.
2047ഓടെ രാജ്യത്തെ വികസിത ഭാരതമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുവെന്നും അവരുടെ ശാക്തീകരണമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും വീരേന്ദ്ര സച്ച്ദേവ് വ്യക്തമാക്കി.