ടി20 ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ ജയം സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയക്ക് തിരിച്ചടിയായി പരിക്കുകൾ. ലോകകപ്പിലെ മൂന്നാം മത്സരത്തിലാണ് പാകിസ്താനെ 9 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 82 റൺസ് വിജയ ലക്ഷ്യം 11 ഓവറിലാണ് കങ്കാരുക്കൾ മറികടന്നത്.
ക്യാപ്റ്റൻ അലീസ ഹീലിക്കും ടെയ്ല വ്ലാമ്നിക് എന്നിവർക്കാണ് മത്സരത്തിനിടെ പരിക്കേറ്റത്. ക്യാപ്റ്റൻ അലീസയ്‌ക്ക് ബാറ്റിംഗിനിടെയാണ് പരിക്കേറ്റത്.23 പന്തിൽ 37 റൺസ് നേടി അലീസ ഹീലി പരിക്കിനെ തുടർന്ന് റിട്ടയർ ചെയ്തിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിലെ നാലാം പന്തിലാണ് ടെയ്ല വ്ലാമ്നിക്കിന് പരിക്കേറ്റത്. ഷോർട്ട് തേർഡ് മാനിൽ ഫീൾഡ് ചെയ്യുന്നതിനിടെയാണ് പരിക്കുണ്ടായത്. ബൗണ്ടറി തടയാൻ സ്ലൈഡ് ചെയ്യുന്നതിനിടെ കാൽമുട്ട് ഗ്രൗണ്ടിൽ കുടുങ്ങുകയായിരുന്നു.
ബൗണ്ടറി തടഞ്ഞെങ്കിലും താരത്തിന്റെ തോളിനും പരിക്കേറ്റു. ഇതോടെ ഗ്രൗണ്ട് വിടേണ്ടി വന്നു. ഒരു ഓവർ പോലും എറിയാനുമായില്ല. പകരക്കാരിയായി ഗ്രേസ് ഹാരിസ് കളത്തിലിറങ്ങി. നാളെ ഇന്ത്യക്കെതിരെയാണ് ഓസ്ട്രേലിയയുടെ അവസാന മത്സരം. ഇതിന് മുൻപ് നിർണായക താരങ്ങൾക്ക് പരിക്കേറ്റത് അവർക്ക് ആശങ്കയായി.