ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി ഓസ്ട്രേലിയൻ പരമ്പരയ്‌ക്ക് ശേഷം തീരുമാനിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന പരമ്പര തോൽവി വിലയിരുത്തുന്ന ബിസിസിഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ടീമിനെ ഒരു ഉടച്ചുവാർക്കലിന് വിധേയമാക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന താരങ്ങളുടെ കാര്യത്തിൽ ബിസിസിഐ ഉടനെ അനൗദ്യോഗിക ചർച്ചകൾ നടത്തുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബോർഡർ-ഗവാസ്കർ ട്രോഫി നാലു മുതിർന്ന താരങ്ങളിൽ ചിലരുടെ അവസാനത്തെ ടെസ്റ്റ് പരമ്പരയാകുമെന്നാണ് സൂചന. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ ഭാവിയാകും ഓസ്ട്രേലിയയിൽ തീരുമാനിക്കപ്പെടുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ വരുന്ന ഇംഗ്ലണ്ട് പരമ്പരയിൽ നാല് മുതിർന്ന താരങ്ങളും ഉണ്ടായേക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ സ്ഥരീകരിക്കുന്നത്.
ബംഗ്ലാദേശിനെതിരെ നിറം മങ്ങിയ രോഹിത് ശർമ കിവീസിനെതിരെയും മോശം പ്രകടനം തുടരുകയായിരുന്നു. 2,52,0,8,18,11 എന്നിങ്ങനെയായിരുന്നു ക്യാപ്റ്റന്റെ സ്കോറുകൾ. വിരാട് കോലിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഫോം കണ്ടെത്താൻ പാടുപെടുന്ന കോലി കിവീസിനെതിരെ സമ്പൂർണ പരാജയമായിരുന്നു. 0,70,1,17,4,1 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ.