തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിനെ ന്യായീകരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. ചെറിയ വർദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും നിവൃത്തിയില്ലാതെയാണ് നിരക്ക് ഉയർത്തേണ്ടി വന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നാണും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തിയതിന്റെ ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. യൂണിറ്റിന് ശരാശരി 16 പൈസയായിരുന്നു വർദ്ധിപ്പിച്ചത്. ഇത് ഡിസംബർ 31 വരേയ്‌ക്ക് മാത്രമാണ്. അതിന് ശേഷം ജനുവരി ഒന്ന് മുതൽ 12 പൈസ കൂടി വർദ്ധിപ്പിക്കും. അതായത് ആകെ വർദ്ധന 28 പൈസയാണ്. 500 വാട്ടിന് മുകളിൽ ഉപയോഗിക്കുന്നവർ ഇനി മുതൽ യൂണിറ്റിന് 9.20 രൂപ നൽകേണ്ടി വരുമെന്ന് സാരം.
വൈദ്യുതി നിരക്കിൽ ഫിക്സഡ് ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. കാർഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കും കൂട്ടി. യൂണിറ്റിന് അഞ്ച് പൈസയാണ് കൂട്ടിയത്. ചെറുകിട വ്യവസായികൾക്ക് പകൽ സമയം 10 ശതമാനം നിരക്ക് ഇളവ് നൽകും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് മാത്രം വർദ്ധനവ് ബാധകമല്ല. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അഞ്ചാം തവണയാണ് നിരക്ക് വർദ്ധനയുണ്ടാകുന്നത്.
ഇനി മുതൽ വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകാൻ KSEBക്ക് നിർദേശം നൽകിയതായി വൈദ്യുതി മന്ത്രി അറിയിച്ചു. 97 കോളനികളിൽ ഇനിയും വൈദ്യുതി എത്തിക്കാനുണ്ട്. മലബാറിൽ വൈദ്യുതി വികസനം നടപ്പാക്കണം. ഒന്ന് പിടിച്ചു നിൽക്കാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിക്കുന്നത്. 250 യൂണിറ്റിന് കൂടുതൽ വൈദ്യുതി ഉപഭോഗം ഉള്ളവർക്ക് മാത്രമേ നിരക്ക് വർദ്ധന ബാധിക്കുകയുള്ളൂ. കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി കിട്ടിയാൽ നിരക്ക് കുറയ്‌ക്കും. നിലവിൽ ഉയർന്ന തുകയ്‌ക്കാണ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത്. ചെലവ് ചുരുക്കാൻ ബോർഡ് ജീവനക്കാരുടെ എണ്ണമടക്കം കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വൈദ്യുതി പ്രതിസന്ധി കുറവാണ്. വേനലിൽ കടുത്ത പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. ലോഡ് ഷെഡിംഗ് ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കുന്നത്. നിരക്ക് വർദ്ധനവിനേക്കാൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാവുക ലോഡ് ഷെഡിംഗാണ്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ ശക്തമായി ശ്രമിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.