ബെംഗളുരു: സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ബ്ലാസ്റ്റേഴ്സിന്റെ കാറ്റൂരിവിട്ട് ബെംഗളൂരു എഫ്.സി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. പതിവു പോലെ ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഒപ്പമെത്തിയെങ്കിലും പ്രതിരോധ പിഴവിന് വലിയ വില നൽകേണ്ടി വരികെയായിരുന്നു. ആക്രമണത്തിലൂന്നിയ ശൈലിയാണ് കൊമ്പന്മാർ പിന്തുടർന്നത്. ഇത് മുതലെടുത്തായിരുന്നു ബെംഗളൂരുവിന്റെ പ്രത്യാക്രമണം.
7,73,98 മിനിട്ടുകളിലാണ് സുനിൽ കേരളത്തിന്റെ വല കുലുക്കിയത്. റയാൻ വില്യംസാണ് ബെംഗളൂരുവിന്റെ മറ്റൊരു സ്കോറർ. 56-ാം മിനിട്ടിൽ ജിമിനെസും 67-ാം മിനിട്ടിൽ ഫ്രെഡിയുമാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ലൂണയുടെ ക്രോസിൽ നിന്നായിരുന്നു ഫ്രെഡിയുടെ ഗോൾ. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ ജയം.കടം വീട്ടാൻ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെത്തിയ കൊമ്പന്മാർ കടം വർദ്ധിപ്പിച്ച് മടങ്ങുകയായിരുന്നു.
ലീഗിൽ ഏഴ് ജയവുമായി ബെംഗളൂരു ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ആറാം തോൽവിയുമായി പത്താം സ്ഥാനം സുരക്ഷതമാക്കി ബ്ലാസ്റ്റേഴ്സ്. 23 പോയിന്റാണ് ബെഗളൂരുവിനുള്ളത്. 11 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇതുവരെ നേടാനായത്.