ഇസ്ലാമാബാദ് : പാകിസ്താനിൽ പോളിയോ വാക്സിനേഷനായി ആരോഗ്യപ്രവർത്തകർക്കൊപ്പം അകമ്പടി പോയ പോലീസുകാരനെ ഭീകരർ കൊലപ്പെടുത്തി. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ ദൽ ബഹ്സാദി ജില്ലയിലായിരുന്നു സംഭവം. ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഉച്ചയോടെയായിരുന്നു പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്. ആരോഗ്യപ്രവർത്തകർക്കൊപ്പം ഇരുചക്ര വാഹനത്തിൽ അകമ്പടിപോകുകയായിരുന്ന പോലീസുകാരന് മറ്റൊരു വാഹനത്തിൽ വന്ന ഭീകര സംഘം വെടിവെയ്ക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകർ നിലവിളിച്ചതോടെ ഭീകരർ വാഹനത്തിൽ രക്ഷപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യപ്രവർത്തകരിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
അഞ്ച് ദിവസത്തെ വാക്സിനേഷൻ യജ്ഞം ആണ് പാകിസ്താനിൽ നടക്കുന്നത്. ഞായറാഴ്ച ഇതിന്റെ മൂന്നാം ദിവസമായിരുന്നു. കഴിഞ്ഞ മാസവും വാക്സിനേഷനായി ആരോഗ്യപ്രവർത്തകർക്കൊപ്പം പോയ പോലീസുകാരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. രണ്ട് പോലീസുകാരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
Comments