കീവ്: രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന സൈനികരെയും സാധാരണക്കാരെയും അഭിനന്ദിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്‌നികൾ ഇപ്പോൾ യഥാർത്ഥ വീരത്വം ലോകത്തിന് മുമ്പിൽ കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സെലൻസ്‌കി പറഞ്ഞു.
റഷ്യയുടെ ആക്രമണത്തിൽ 137 സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. റഷ്യയോട് ഒറ്റയ്‌ക്ക് പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സെലൻസ്‌കി കൂട്ടിച്ചേർത്തു.
നാറ്റോ അംഗത്വത്തിനായി 27 യുറോപ്യൻ രാജ്യങ്ങളുമായി സംസാരിച്ചു. എന്നാൽ അവർക്കെല്ലാം പേടിയാണ്. ആരും കൃത്യമായ മറുപടി നൽകുന്നില്ല. പക്ഷേ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഞങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണ്.എന്നാൽ ചുറ്റും ഭീഷണിയാണെന്ന് സെലൻസ്‌കി ചൂണ്ടിക്കാട്ടി.
അതേസമയം യുക്രെയ്‌ന്റെ 138 ലധികം സൈനിക താവളങ്ങൾ തകർത്തുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യ. യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ റഷ്യ നടത്തുന്നതെന്നാണ് റിപ്പോർട്ട്.















