പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസം. ഐസിയു മുറിക്കുള്ളിൽ കയറിയാണ് പ്രതികൾ പോലീസിനോട് തട്ടിക്കയറുകയും തർക്കിക്കുകയും ചെയ്തത്. ജില്ലാ പ്രസിഡന്റ് വിപിൻ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്തു. താൻ എസ്എഫ്ഐ ജില്ലാ പ്രസിഡന്റാണെന്ന് പറഞ്ഞാണ് പ്രതി പ്രശ്നമുണ്ടാക്കിയത്.
കഞ്ചിക്കോട് സ്കൂളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പരിക്കേറ്റ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്താൻ എത്തിയതായിരുന്നു പോലീസ്. എന്നാൽ താൻ പറയുന്നത് പോലെ മൊഴി രേഖപ്പെടുത്തിയാൽ മതിയെന്ന് പറഞ്ഞ് പോലീസിന് നേരെ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഗുണ്ടായിസം കാണിക്കുകയായിരുന്നു. ധാരാളം രോഗികളുണ്ടായിരുന്ന ആശുപത്രി നിരീക്ഷണ വിഭാഗത്തിൽവെച്ച് പോലീസിന് നേരെ പ്രതി ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ജനം ടിവിയ്ക്ക് ലഭിച്ചു.