ന്യൂഡൽഹി : രാഹുൽ ഗാന്ധിയ്ക്ക് Z+ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ജനുവരി 18 ന് അസമിൽ പ്രവേശിച്ചതു മുതൽ ജനുവരി 22 വരെ രാഹുലിന്റെ സുരക്ഷയിൽ വീഴ്ച വരുത്തിയതായും കത്തിൽ പരാമർശിക്കുന്നു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്ന് അസം മുഖ്യമന്ത്രിയ്ക്കും, ഡിജിപിയ്ക്കും നിർദേശം നൽകണമെന്നും ആഭ്യന്തരമന്ത്രിയോട് ഖഡ്ഗെ ആവശ്യപ്പെട്ടു. ബി.ജെ.പി അനുഭാവികൾ രാഹുലിന്റെ കാരവന്റെ അടുത്തേക്ക് വരുന്നുണ്ടെന്നും ഖാർഗെ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ രാഹുലിന് Z+ സുരക്ഷ ലഭിക്കണം.
അതിനിടെ, അസം പോലീസ് രാഹുലിനെതിരെ കേസെടുത്തു. കെ.സി.വേണുഗോപാൽ, കനയ്യകുമാര്‍ തുടങ്ങിയവരെയും പ്രതി ചേർത്തിട്ടുണ്ട്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഹിമന്ദ ശർമ അസം ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.