പാലക്കാട്: മൈതാനത്തേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സെല്‍ഫി എടുക്കാന്‍ ചെന്ന ആരാധകന്റെ കൈയ്യിലിരുന്ന തകര്‍ന്ന ഫോണ്‍ കണ്ട സഞ്ജു, തന്റെ കാറില്‍ നിന്നും പുതിയൊരു മൊബൈല്‍ ഫോണ്‍ എടുത്തു നല്‍കി ആരാധകനെ ഞെട്ടിച്ചു. കടമ്പഴിപ്പുറം പുഞ്ചപ്പാടം സ്വദേശിയും വിക്കറ്റ് കീപ്പറുമായ ടി. ശബരീഷാണ് സഞ്ജുവിന്റെ സ്‌നേഹസമ്മാനം ഏറ്റുവാങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു സഞ്ജു. കടമ്പഴിപ്പുറം പുഞ്ചപ്പാടം ബസ് സ്റ്റോപ്പിന് സമീപം സഞ്ജുവിന്റെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട ശബരീഷ്, താരത്തിനടുത്തേക്ക് ചെന്ന് സെല്‍ഫി ചോദിക്കുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേ തകര്‍ന്നിരിക്കുന്നത് സഞ്ജുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ ഫോണില്‍ പകര്‍ത്തിയ ചിത്രത്തിന് വ്യക്തതയുമില്ലായിരുന്നു.
ഉടന്‍ തന്നെ തന്റെ റേഞ്ച് റോവര്‍ കാറിന്റെ ഡിക്കി തുറന്ന സഞ്ജു, പുതിയൊരു മൊബൈല്‍ ഫോണ്‍ ശബരീഷിന് നേരെ നീട്ടി. ‘ഇത് നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേ പോയതല്ലേ’ എന്ന് പറഞ്ഞ സഞ്ജു, നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും നല്‍കിയാണ് മടങ്ങിയത്. താന്‍ ഏറെ ആരാധിക്കുന്ന താരം നല്‍കിയ പുതിയ ഫോണിലാണ് ശബരീഷ് പിന്നീട് സഞ്ജുവിനൊപ്പമുള്ള സെല്‍ഫി പകര്‍ത്തിയത്.
യാത്രയ്‌ക്കിടയില്‍ കുട്ടുപാതയിലെ ഒരു കടയില്‍ ലഘുഭക്ഷണം വാങ്ങാനും സഞ്ജു സമയം കണ്ടെത്തി. കടയുടമ ഗോവിന്ദരാജ് ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെ സമ്മതിച്ച താരം, അയല്‍പക്കത്തെ കുട്ടികള്‍ ഓടിയെത്തുന്നത് വരെ കാത്തുനിന്നു. കുട്ടികളായ നിദ്യ, നേഹ എന്നിവര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്ത ശേഷമാണ് താരം യാത്ര തുടര്‍ന്നത്. സമീപത്തെ ചായക്കടയില്‍ കയറി ചായ കുടിക്കാനും താരം മറന്നില്ല.
ഐപിഎല്‍ മത്സരങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് സഞ്ജു പാലക്കാട് വഴി യാത്ര ചെയ്തത്. ഗ്രൗണ്ടിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പോലെ തന്നെ സഞ്ജുവിന്റെ ഈ വലിയ മനസ്സും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.















