ന്യൂഡൽഹി: ഝാർഖണ്ഡിലെ കലാജാരിയ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. അംഗ എക്സ്പ്രസിൽ തീപിടിത്തമെന്ന് കരുതി ഭീതിയിലായ യാത്രക്കാർ ട്രെയിനിൽ നിന്നിറങ്ങി ഓടുമ്പോഴാണ് മറ്റൊരു ട്രാക്കിലൂടെയെത്തിയ ട്രെയിൻ യാത്രക്കാർക്ക് മേൽ പാഞ്ഞു കയറിയത്.
എന്നാൽ, മരിച്ചവർ യാത്രക്കാരല്ലെന്നും പാളത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ട്രെയിനിടിച്ചതെന്നും ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. തീപിടിത്തം ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. നിലവിൽ രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥൻ കൗശിക് മിത്ര പറഞ്ഞു.
” ഝാർഖണ്ഡിലെ ജംതാരയിലുണ്ടായ അപകടത്തിൽ ഏറെ വേദനയിലാണ്. പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പമാണ് എന്റെ എല്ലാം ചിന്തകളും. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ.”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഝാർഖണ്ഡിലെ ജംതാര ജില്ലയിലുണ്ടായ തീവണ്ടി അപകടത്തിൽ നിരവധി പേർ മരണപ്പെട്ടെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. .”- പ്രസിഡൻ്റ് ദ്രൗപദി മുർമു എക്സിൽ കുറിച്ചു